കോവിഡ് കാലത്തെ വർഗ്ഗീയ കൃഷിയും രാഷ്‌ട്രീയ വിളവെടുപ്പും.
രാഷ്‌ട്രീയ മനോരോഗികളേയും മത വർഗ്ഗീയ ഭ്രാന്തന്മാരേയും തിരിച്ചറിയാനുള്ള അവസരം കൂടിയാണ് ഈ കോവിഡ് കാലഘട്ടം.
1. ഉഗാണ്ടയിലോ ഉടോപ്യയിലോ മറ്റെവിടെയെങ്കിലുമോ ആരെങ്കിലും തങ്ങളുടെ മതസ്ഥരെ നുള്ളുകയോ മാന്തുകയോ കൊഞ്ഞനം കുത്തുകയോ ചെയ്യുന്നുണ്ടോ എന്ന് നോക്കൽ ഇപ്പോഴും ചിലരുടെ പ്രധാന ജോലിയായിരിക്കും. അങ്ങനെ വല്ല വാർത്തയും വന്നാൽ ഇവരത് പരമാവധി പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും.
2. ചുറ്റിലും നടക്കുന്ന ഒരു നല്ല കാര്യവും ശ്രദ്ധിക്കാതെ എതിർ രാഷ്‌ട്രീയക്കാരുടെ ഏതെങ്കിലും കാലത്തെ വല്ല അമളിത്തരങ്ങളോ അബദ്ധ പ്രസ്‌താവനകളോ പൊക്കിപ്പിടിച്ചു നടക്കുന്നത് ഈ കാലത്തും ഇവരുടെ പ്രധാന വിനോദമാണ്.
3. ബിവറേജ് ക്യൂവിലെ വിടവ് നോക്കൽ - ബിവറേജ് അടയ്‌ക്കുന്നതിന് മുൻപ് ബിവറേജ് ക്യൂവിലെ വിടവിന്റെ പേരിൽ ബഹളം വച്ചവർ, സത്യത്തിൽ രോഗം പകരുമോ എന്ന ആശങ്കയല്ല പങ്കുവച്ചത്. എന്തെങ്കിലും കുറ്റമോ കുറവുകളോ ചൂണ്ടിക്കാണിച്ചു കൊണ്ടേയിരിക്കണമെന്നത് ജീവിത ശൈലിയുടെ ഭാഗമായിപ്പോയി.
അസൂയ കൂടെപ്പിറപ്പായ, അന്തസ്സില്ലായ്‌മയുടെ അങ്ങേയറ്റം കാണിച്ചു തരുന്ന, സംസ്‌ക്കാരമില്ലായ്‌മ അഭിമാനമായി കൊണ്ടു നടക്കുന്ന ഇത്തരക്കാർ എങ്ങനെയെങ്കിലും മറ്റുള്ളവരെ താഴ്‌ത്തിക്കെട്ടി സ്വയം ജയിക്കണം എന്ന് പിടിവാശിയുള്ളവരാണ്.
ജീവിത പരാജയവും മാനഹാനിയും മാത്രം വന്ന് ഭവിക്കുമെന്നറിയുവാനുള്ള ബുദ്ധി പോലുമില്ലാത്ത ഇവരെ അവഗണിക്കുക മാത്രമാണ് ഇവർക്കുള്ള യഥാർത്ഥ മറുമരുന്നും മറുപടിയും.

